ആശാൻ, ഒളിമങ്ങാത്ത വിപ്ലവനക്ഷത്രം

Author: George Onakkoor

ഉത്തമ കവിത ഉദാത്തമായ ജീവിത ദർശനം സംഭാവനചെയ്യാൻ ശക്തമാക ണം. രൂപഭംഗിയെക്കാൾ ഭാവോജ്ജ്വലത അതിന്റെ ശില്പചൈതന്യമാകണം . ആശാൻ കവിതയുടെ മഹത്ത്വം കുടികൊള്ളുന്നത് ഇവിടെയാകുന്നു. നമ്മുടെ കവിപരമ്പരയിലെ നക്ഷത്ര ശോഭയാണ് ആശാൻ കവിത. വിപ്ലവത്തിന്റെ ശുക്രനക്ഷത്രമെന്ന് ആശാനെ അടയാളപ്പെടുത്തിയത് പ്രൊഫ. ജോസഫ് മുണ്ടശ്ശേരിയാണ്. എത്രയും അന്വർത്ഥമായ നിരീക്ഷണം. മനുഷ്യപുരോഗതിക്ക് ആകാശ ജ്വാല വിഭാവനം ചെയ്ത മഹാത്മാവാണ് ശ്രീനാരായണ ഗുരുദേവൻ. ജാതിമതചിന്തക ളിൽ സത്യധർമ്മാദികൾ വെടിഞ്ഞ് മനുഷ്യാലയത്തെ ഭ്രാന്താലയമാക്കിയ കാലത്തിന് മോചനത്തിന്റെ മാർഗ്ഗദീപമായി മഹാഗുരു. ജാതിഭേദം വെടിഞ്ഞ് മതദ്വേഷമില്ലാതെ സർവ്വരും സോദരത്വേന വാഴുന്ന മഹാക്ഷേത്രമായി ഭൂമികയെ മാറ്റിയെടുക്കാൻ ആ മഹാത്മാവ് ധർമ്മമാർഗ്ഗം ഉപദേശിച്ചു. ആ ഗുരുത്വം ഏറ്റുവാങ്ങി കവിതയാക്കി മാറ്റിയത് കുമാരനാശാനാണ്. ‘സ്നേഹത്തിൽ നിന്ന് ഉദിക്കുന്നു-ലോകം സ്നേഹത്താൽ വൃദ്ധിതേടുന്നു സ്നേഹം താൻ ശക്തി ജഗത്തിൽ-സ്വയം സ്നേഹം താൻ ആനന്ദമാർക്കകും.’ എന്ന് ‘ചണ്ഡാലഭിക്ഷുകി’യിലെ ബുദ്ധോപദേശം.