സ്ഫടികം

Author: Dr. Rajendrababu

അത്രയ്ക്ക് സാധാരണമല്ലാത്ത ഒരു എഴുത്തു തപസ്സ് സ്ഫടികത്തിന്റെ വിജയത്തിന്റെ പിന്നിലുണ്ട്. രണ്ടു വർഷത്തിലേറെ നീണ്ട ഒരെഴുത്തുകാലം. കഥയുടെ ഓരോ മുക്കും മൂലയും അഴിച്ചും പിരിച്ചും ഇഴചേർത്തും പുതുക്കിപ്പണിത രണ്ടു വർഷം. പ്രേക്ഷകപ്രീതി നേടുന്ന ഒരു വിജയ ചിത്രം ഒരുക്കുക എന്ന കേവലമായ ലക്ഷ്യമായിരുന്നില്ല സംവിധായകൻ ശ്രീ ഭദ്രന്. കാലാതിവർത്തിയായ ഒരു സന്ദേശം നൽകുന്ന ഒരു സിനിമയാണ് താൻ സ്വപ്നം കാണുന്നത് എന്ന വിശ്വാസം അദ്ദേഹത്തിന് ഉണ്ടായിരുന്നു. കഥയുടെയും തിരക്കഥയുടെയും മർമ്മങ്ങൾ ആലക്ഷ്യത്തിലാണ് അദ്ദേഹം സ്വരൂപിച്ചത്. അത്തരം ഒരു ലക്ഷ്യത്തോടെ, സ്ഫടികത്തിന്റെ എഴുത്തു പങ്കാളിയാവുക എന്നത് ഒരു വെല്ലുവിളി തന്നെയായിരുന്നു. ഓരോ സന്ദർഭങ്ങളും, ഓരോ ക്രിയാ മുഹൂർത്തങ്ങളും ചിന്തിച്ചുറപ്പിച്ചത് ഗാഡമായ ചിന്തകളി ലൂടയും ചർച്ചകളിലൂടെയുമാണ്.