സൂര്യനെ സ്നേഹിച്ചവൾ

Author: Ajith Paliyath

അന്നത്തെ സായം സന്ധ്യയ്ക്ക് പതിവിലും കൂടുതൽ ചുവപ്പായിരുന്നു. പകലിനെ പൊള്ളുന്ന വെയിലുകൊണ്ടു മൂടുകയും സന്ധ്യയെ തീവ്രമായി ചുവപ്പിക്കുകയും ചെയ്യുന്നത് കണ്ടപ്പോൾ അത് സന്ധ്യയോടുള്ള സൂര്യന്റെ അടങ്ങാത്ത പ്രണയമായിട്ടാണ് പ്രകൃതിക്ക്‌പോലും തോന്നിയത്. ഇളംചൂടുള്ള കടൽകാറ്റേൽക്കുവാനും പടിഞ്ഞാറ് ചക്രവാളത്തിൽ അസ്തമന സൂര്യൻ താഴ്ന്ന് പോകുന്നത് കാണുവാനുമായി ആളുകൾ ഇടമുറിയാതെ വന്നുകൊണ്ടേയിരുന്നു. തീരത്തെ തിരക്കുകളിൽനിന്ന് മാറി വയലറ്റ് പൂക്കൾ നിറഞ്ഞ ചെടികൾ ധാരാളമുള്ള മണൽ തിട്ടയിൽ സാമും എമ്മയും തോളോട് തോൾ ചേർന്ന് ഇരിക്കാൻ തുടങ്ങിയിട്ട് അധികനേരമായി ല്ല. അവരുടെ ഒൻപതുവയസ്സുള്ള മകൻ ഈതൻ അധികം ദൂരെയല്ലാതെ മണ്ണിൽ കളിച്ചു കൊണ്ടിരുന്നു. ഈ ഇരിപ്പപും ഈ കളിയും ഒരു ദിനചര്യപോലെ തന്നെയായിരുന്നു. പല ദിവസങ്ങളിലും ഈ ഇരിപ്പു നീണ്ടുപോകാറുണ്ട്. പക്ഷെ ഇന്ന് എമ്മയ്ക്ക്‌ എന്തോ പെട്ടെന്ന് വീട്ടിൽപോകണമെന്ന് തോന്നി.