ഓര്‍മ്മകളുടെ കയത്തിലേക്ക് ഊളിയിട്ടിറങ്ങി ഈ ചെറു സ്മരണ രേഖപ്പെടുത്താന്‍ ഇന്ന് പ്രചോദനം നല്‍കിയ എന്റെ നാട്ടുകാരന്‍ കൂടിയായ പ്രിയ സുഹൃത്തും മലയാണ്മ അംഗവുമായ ശ്രീ ശിവകുമാറിനോട് നന്ദി പറഞ്ഞു കൊണ്ടാകട്ടെ തുടക്കം. കാരണം,. രസകരമായ ബാല്യകാലത്തേക്ക് ഒന്നു കൂടി കടന്നു പോകാനും അതിന്റെ മാധുര്യം ആവോളം അയവിറക്കാനുമുള്ള ഒരു അമൂല്യ സന്ദര്‍ഭമാണ് അദ്ദേഹം എനിക്ക് തുറന്നു നല്‍കിയത്. കൈനീട്ടം കയ്യില്‍ വന്നതിന്റെ സുഖം മാത്രമല്ല, കുത്തിയിരിപ്പു സമരമെന്ന യുദ്ധ തന്ത്രം സ്വയം കന്നഷ്ടു പിടിച്ച് അത് വിജയകരമായി പ്രാവര്‍ത്തികമാക്കിയതിന്റെയും ആദ്യ വാഹനം അപ്ഗ്രേഡ് ചെയ്തതിന്റെയുമെല്ലാം സുഖം ഒന്നു കൂടി ആസ്വദിക്കാനുള്ള സുവര്‍ണ്ണ സന്ദര്‍ഭം ഇന്ന് എനിക്ക് വീണു കിട്ടി എന്നത് ചെറിയ കാര്യമല്ല.


