
Madhu Balakrishnan
June 13, 2024
Suresh Pillai
June 13, 2024സജ്ജനങ്ങളെ,
സ്വന്തം വീടും, വീട്ടുകാരെയും, നാടിനെയും വിട്ട് വിദേശത്തു തൊഴിലിനും മറ്റു ആവശ്യങ്ങൾക്കുമായി കുടിയേറിയ കുറച്ചു മലയാളി കുടുംബങ്ങളുടെ കൂട്ടായ്മയായ സനാതന ധർമ്മ യൂകെയുടെ പ്രഥമ പ്രസിദ്ധീകരണ സംരംഭമായ ‘സ്വര’ത്തിന് നിങ്ങളെല്ലാവരുടെയും അകം നിറഞ്ഞപ്രോത്സാഹനം പ്രതീക്ഷിച്ചു കൊള്ളട്ടെ. പുത്തൻ ദേശങ്ങളിലെ പുതുമയെ സ്വീകരിക്കുമ്പോഴും സ്വന്തം നാടിനെയും അതിന്റെ നന്മകളെയും മറക്കാതിരിക്കാനുള്ള ഒരു എളിയ ശ്രമം കൂടിയാണിത്. പുതുമകളെ തേടുമ്പോളും, സ്വന്തം ആചാരങ്ങളെയും, സംസ്കാരത്തെയും മറക്കാതിരിക്കാനും, വസുധൈവ കുടുംബകം എന്ന ആപ്തവാക്യത്തിന്റെ പൊരുൾ പുതു തലമുറയ്ക്ക് നല്ല രീതിയിൽ പകർന്നു കൊടുക്കാനും അവരെ വിശ്വപൗരന്മാരായി വളർത്താനുമുള്ള ഒരു വേദിയാണ് ഈ സനാതന ധർമ്മ കൂട്ടായ്മ കൊണ്ട് ഞങ്ങൾ ഉദ്ദേശിക്കുന്നത്.
അതിലേക്കുള്ള ഒരു പുതിയ പടിയായി ഞങ്ങൾ ഈ സൃഷ്ടിയെ കരുതുന്നു. ഈ സംരംഭത്തിന് സഹായമായി സ്വന്തം സൃഷ്ടികൾ നൽകുകയും മറ്റ് എല്ലാ രീതിയിലും ഞങ്ങളെ ഇന്നുവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്ത ബന്ധു മിത്രാദികളോടുള്ള കടപ്പാട് ഈ അവസരത്തിൽ രേഖപെടുത്തട്ടെ.
നിങ്ങൾ എല്ലാവരും ഈ മാസികയെ രണ്ടു കയ്യും നീട്ടി സ്വീകരിക്കുമെന്നും, ഭാവിയിലും ഞങ്ങളുടെ ഈ കുടുംബ കൂട്ടായ്മയുമായി അകമഴിഞ്ഞ്സഹകരിക്കുമെന്നുമുള്ള ഉത്തമ വിശ്വാസത്തോടെ,
സ്നേഹപൂർവ്വം,
ബിബിൻ ബാലൻ,
പ്രസിഡന്റ്, സനാതന ധർമ്മ യു.കെ




