ലോകത്തിലെ ഏറ്റവും വലിയ ക്ഷേത്രമാണ് കമ്പോഡിയയിലെ അങ്കോവാർട്ട്. ഈ ക്ഷേത്രം സന്ദർശിക്കുവാനുള്ള ആഗ്രഹമാണ് മലേഷ്യയിലെ കോലാലംപൂരിൽ നിന്ന് കമ്പോഡിയയുടെ തലസ്ഥാനമായ നോംപെന്നിലേക്കുള്ള രണ്ടുമണിക്കൂർ യാത്രയുടെ പിന്നിൽ. നോംപെന്നിൽ നിന്ന് നെൽപ്പാടങ്ങളും വാഴത്തോപ്പുകളും മാവിൻ കൂട്ടങ്ങളും ഒക്കെയുള്ള ചെറു ഗ്രാമങ്ങൾ പിന്നിട്ട് 389 കിലോമീറ്റർ അകലെയാണ് അങ്കോവാർട്ട് ക്ഷേത്രം സ്ഥിതി ചെയ്യുന്ന സിയെംറിപ്പ് എന്ന നഗരം. സിയെംറിപ്പ് എന്നാൽ “സയാമിനെ തോൽപ്പിച്ച സ്ഥലം”എന്നാണ് അർത്ഥം. പതിനഞ്ചാം നൂറ്റാണ്ടിലാണ് കമ്പോഡിയൻ ജനതയുടെ അഭിമാനമായ ആ യുദ്ധം നടന്നത്.


